2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഈ പഞ്ചായത്തിലെ ഭൂരിപക്ഷം വാര്‍ഡുകളും വനത്താല്‍ ചുറ്റപ്പെട്ടവയാണ്. രണ്ടോ മൂന്നാ  മനുഷ്യായുസ്സിന്റെ പഴക്കമേ അതിനുള്ളൂ. അതിനുമുമ്പ് ഏറെ നാള്‍ ഇവിടം മനുഷ്യവാസം ഉള്ളതായിരുന്നില്ല. കാട്ടുപത്തനാപുരത്തിന്റെ ഭാഗമായ വനപ്രദേശമായിരുന്നു ഇവിടം.  വര്‍ഷങ്ങള്‍ക്കപ്പുറത്ത് മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്നു എന്നു ഊഹിക്കാന്‍ ന്യായമുണ്ട്.  ഈ പഞ്ചായത്തില്‍പ്പെട്ട വനങ്ങളില്‍ വാണക്കാവ് , കുമരംകുടിമാതേരുമണ്ണ്  തുടങ്ങിയ സ്ഥലങ്ങളില്‍  ക്ഷേത്രങ്ങളും മറ്റും ഉണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങള്‍വെരുകുഴി എന്ന സ്ഥലത്ത് കൂറ്റന്‍ പാറശിലാപാളികള്‍ കൊണ്ടു നിര്‍മ്മിച്ച കല്ലറകള്‍ എന്നിവ കണ്ടുകിട്ടിയിട്ടുണ്ട്. എലിക്കാട്ടൂര്‍ ക്ഷേത്രത്തിനും പിറവന്തൂര്‍, പുന്നല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്കും ആയിരത്തോളം വര്‍ഷത്തെ പഴക്കം അവകാശപ്പെടാന്‍ കഴിയും. അയിത്താചരണത്തിനെതിരായി  ഹിന്ദു, ക്രിസ്ത്യന്‍മുസ്ളീം ദേവലായങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ക്ക് ദേവാലയം (ക്ഷേത്രം) കൂടാതെ കാവുകളും ആരാധനാകേന്ദ്രങ്ങളായിരുന്നു. ഹൈന്ദവ ദേവാലയങ്ങളില്‍ ആണ്ടിലൊരിക്കല്‍ ഉത്സവങ്ങളുണ്ടായിരുന്നു. പല ദേവാലയങ്ങളിലെയും ഉത്സവപരിപാടികള്‍  വ്യത്യസ്തമായിരുന്നു. പുന്നലയിലെ പടയണിയും കമുകുംചേരിയിലെ കഥകളിയും ശ്രദ്ധേയമായിരുന്നു. താഴ്ന്ന ജാതിക്കാര്‍  എന്നു മുദ്രകുത്തി  ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്ന ചില വിഭാഗക്കാര്‍ ചില മലകള്‍  അവരുടെ ആരാധനാ കേന്ദ്രമാക്കി സങ്കല്പിച്ച് അവരുടേതായ പരിപാടികളും നടത്തിയിരുന്നു. കമുകുംചേരി കോട്ടമലയുംഎലിക്കാട്ടൂര്‍ മൂന്നാമലയും  പുന്നല കൊന്ന മലയും ഇക്കൂട്ടത്തില്‍പ്പെടും. ഊരാളി എന്നറിയപ്പെടുന്ന ഒരു മൂപ്പനായിരിക്കും അവിടുത്തെ മുഖ്യകര്‍മ്മി. സീതകളി (ചീതകളി)കമ്പടികളി  എന്നിവ അവരുടെ അനുഷ്ഠാനകലകളില്‍പ്പെടുന്നവയായിരുന്നു. സാമാന്യജനങ്ങളുടെ ഇടയില്‍ ജോതിഷത്തില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു. കല്ല്യാണംചോറൂണ്, പുത്തരിയൂണ്നിലംവിതയ്ക്കല്‍കൊയ്ത്ത്യാത്ര എന്നിവയ്ക്കെല്ലാം ജോത്സ്യന്‍മാര്‍ വിധിക്കുന്ന മൂഹൂര്‍ത്തങ്ങള്‍ നോക്കിയിരുന്നു. വയലില്‍ ചാഴി വരാതിരിക്കാനും, പുഴു വീഴാതിരിക്കാനും മന്ത്രങ്ങള്‍ ഓലയില്‍കുറിച്ച് വയലില്‍ നാട്ടി വയ്ക്കുമായിരുന്നു. കണ്ണില്‍പെടുകനാക്കുപെടുക എന്നീ കാര്യങ്ങള്‍ ജനങ്ങള്‍  വിശ്വസിച്ചിരുന്നു. മലദൈവങ്ങളായ കാളി, ചാത്തന്‍മുത്തപ്പന്‍ തുടങ്ങിയവരായിരുന്നു താഴ്ന്ന ജാതിക്കാരുടെ ആരാധന മൂര്‍ത്തികള്‍. പുന്നലയിലെ ‘പുന്നലയമ്മൂമ്മ’യുംകല്ലേലി ഊരാളിയുംഅവരുടെ ആരാധന മൂര്‍ത്തികളായിരുന്നു. മുറുക്കാനും കള്ളും മറ്റുമാണ് അവിടെ നേര്‍ച്ചയായി കൊടുക്കുക. മലയാലപ്പുഴ ദേവി പൊതുവെ  ആളുകള്‍ക്ക് ഭയമുള്ള ഉഗ്രമൂര്‍ത്തിയായിരുന്നു. ദേവിയെ സ്മരിച്ച് കൃഷിയിടങ്ങളില്‍  പാണല്‍ത്തോല്‍ കെട്ടിയിട്ടാല്‍ (തൂപ്പുകെട്ടുക എന്നു പറയും) ആ കൃഷി മുതല്‍ മോഷ്ടാക്കള്‍ക്കും ഭയമായിരുന്നു. മോഷ്ടിച്ചാല്‍ താമസംവിനാ മരിക്കും എന്നാണ് വിശ്വാസം. ഈ വിശ്വാസം ഇപ്പോഴും  അപൂര്‍വ്വമായി നിലനില്‍ക്കുന്നു. മന്ത്രവാദംമഷിനോട്ടം ആദിയായവയിലും ആളുകള്‍ പരക്കെ  വിശ്വസിച്ചിരുന്നു. ഭൂതപ്രേത പിശാചുക്കളിലും, യക്ഷിമറുതമാടന്‍, കുട്ടിചാത്തന്‍ഈനാംപേച്ചി ആദിയായവയിലും  ജനങ്ങള്‍ക്കു വലിയ വിശ്വാസമായിരുന്നു. ഈ പ്രദേശങ്ങളിലെ ഒട്ടുമുക്കാല്‍ കൃഷിഭൂമിയും, റായൂര്‍മഠംഅടവൂര്‍മനചെറുകരഇല്ലംഎണ്ണശ്ശേരിമഠംനമ്പുമഠം എന്നീ നമ്പൂതിരി മഠങ്ങളുടെ വകയായിരുന്നു. നൂറു വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്നും ആദ്യമായി പാസ്പോര്‍ട്ടെടുത്ത ഇടവാസ്രാങ്കിന്റെ വകയായും ഭൂമി ഇവിടെയുണ്ടായിരുന്നു. ഒരു കിണ്ടി നിറയെ നെയ്യ്  ഈ ജന്മിക്ക് കാഴ്ച വച്ചിട്ട് 25 ഉം 50 ഉം നൂറും ഏക്കര്‍ സ്ഥലം ( സൌകര്യം പോലെ)  നായര്‍ പ്രമാണിമാര്‍ പാട്ടത്തിനു വാങ്ങിയിരുന്നു. ഈ പ്രമാണിമാര്‍ കൃഷിപ്പണിക്കും മറ്റും ഈ വസ്തുവില്‍ കുടിയാന്‍മാരെ കുടിയിരുത്തി. ഇവരെ കൂടാതെ  ജോലിക്കാരും അടിയാളന്മാരും അടിമകളും ഉണ്ടായിരുന്നു.  60-70 വര്‍ഷം മുമ്പു വരെ ചെറിയ തോതില്‍  അടിമവ്യാപാരം ഇവിടെ നിലനിന്നിരുന്നു. ജന്മിക്ക്  വസ്തുവിലെ കുടിയാനോടുകൂടി തന്നെ വസ്തു കൈമാറ്റം ചെയ്യാമായിരുന്നു. ഇടപ്രഭുക്കളായ കുടിയാന്‍മാരെ  ഒഴിപ്പിക്കാന്‍ ജന്മിക്ക് കഴിയുമായിരുന്നില്ല. ജന്മിക്ക് ആണ്ടോടാണ്ട് നെല്ല്പണം, ആദിയായ വിധത്തില്‍  പാട്ടം കൊടുക്കണം. ഇന്നത്തപ്പോലെ  റോഡും വാഹനങ്ങളും  സുലഭമില്ലാതിരുന്ന അക്കാലത്ത് കാളപ്പുറത്തു കയറ്റിയായിരുന്നു നെല്ലും മറ്റും കൊണ്ടു പൊയ്ക്കൊണ്ടിരുന്നത്. ഈ കാളകളെ പൊതിമാട് എന്ന് വിളിച്ചിരുന്നു. കാളയുടെ മുതുകിലിരുവശങ്ങളിലും ഇരുമുടി പോലെ തയ്യാര്‍ ചെയ്ത ചാക്കിലായിരുന്നു നെല്ലു നിറച്ചിരുന്നത്. 1964 -ല്‍ സര്‍ക്കാര്‍ ജന്മിക്കരം നിറുത്തുകയും നേരിട്ട് കരം പിരിക്കുകയും ചെയ്തു തുടങ്ങും വരെ ഈ നില തുടര്‍ന്നു.

സ്ഥലനാമചരിത്രം

രാജഭരണ കാലത്ത്  ശ്രീമൂലം തിരുനാള്‍ ചില നമ്പൂതിരി ഇല്ലങ്ങള്‍ക്ക് തുല്യം ചാര്‍ത്തികൊടുത്ത പ്രദേശമാണിത്. അങ്ങനെയുള്ള  ചില രേഖകളില്‍ കുറവന്തൂര്‍ എന്നാണ് കാണുന്നത്. പഴയ മലയാളത്തില്‍ ‘കുറ’ എന്ന വാക്കിന് ഉല്‍ക്ക എന്ന അര്‍ത്ഥമുണ്ട്. ആകാശത്തിലെ കുറക്കൊള്ളി എന്നും പറഞ്ഞിരുന്നു. പണ്ടെന്നോ അത്യുജ്ജ്വലപ്രഭയോടുകൂടി ഒരു കൊള്ളിമീന്‍ ഈ പ്രദേശത്തു എരിഞ്ഞു താഴുന്നതായി കണ്ടിരിക്കാം. ചിലപ്പോള്‍ ഭൂമിയില്‍ പതിച്ചു എന്നു വരാം. അങ്ങനെയായാല്‍ കുറവന്തതായ ഊര് കുറവന്തൂര്‍ ആയെന്നും വരാം. കുറവന്തൂരിലെ കുറവശബ്ദത്തില്‍ പതിത്വം കണ്ട ആളുകള്‍ പിന്നീട് പരിഷ്കരിച്ച് പിറവന്തൂര്‍ ആക്കിയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. പിറവന്തൂര്‍ എന്ന പേരുണ്ടാകുന്നതിനു മുമ്പു തന്നെ നാരങ്ങാപ്പുറം എന്ന വാക്കുണ്ടായതായി അനുമാനിക്കേണ്ടിയിരിക്കുന്നു. നാരാങ്ങാപ്പുറം പോലെ ഉരുണ്ടതുമായ ഒരു പാറ അവിടെയുണ്ടായിരിക്കാനും മതി.  ഈ സ്ഥലത്തിന്റെ പഴയ പേര് അടയ്ക്കാമണ്‍ എന്നായിരുന്നു എന്നു കേള്‍ക്കുന്നു. ഒരു പക്ഷേ തോടിന്റെ തടങ്ങളില്‍ അടയ്ക്കാ (കാട്ടടയ്ക്കായുമാകാം) ധാരാളം ഉണ്ടായിരുന്നതിനാലാകാം ഈ പേരുണ്ടായത്. കാട്ടുപത്തനാപുരം എന്നറിയപ്പെട്ടിരുന്ന പത്തനാപുരത്തിന്റെ ഭാഗമാണിവിടം. മലബാറിലെ ചേകോര്‍ വിഭാഗത്തിലെ ഏതോ ഒരു കുടുംബം ഇവിടെ വന്നു താമസമാക്കിയതിനാല്‍  ചേകം  എന്ന പേരുണ്ടായി എന്നൊരു അഭിപ്രായം  ഉണ്ട്. ചേകം എന്ന വാക്കിന് രാജസേവ എന്നര്‍ത്ഥമുണ്ട്. പഴയകാലത്ത്  ചെറിയചെറിയ നാട്ടുരാജ്യങ്ങളായിരുന്നു ഈ നാട്. വേണാടിന്റെ ഭാഗമായിത്തീര്‍ന്ന ഇളയിടത്തു സ്വരൂപത്തിലെ തമ്പുരാക്കന്മാരുടെ സേവ നടത്തിയിരുന്ന ചില നായര്‍ത്തറവാടുകള്‍ ഇവിടെയുണ്ടായിരുന്നെന്നും  ചേകം നടത്തിയവരുടെ  സ്ഥലം എന്ന തരത്തില്‍ ചേകം എന്ന പേര് ലഭിച്ചു എന്നും വിശ്വസിക്കാന്‍ ന്യായമുണ്ട്. രാജാവിന്റെ മഞ്ചല്‍ ചുമട്ടുകാരുടെ നാടെന്നു വിശ്വസിക്കാവുന്ന മഞ്ചള്ളൂര്‍ ഇതിനടുത്താണ്. അടയ്ക്കാമണ്ണിന്റെതു പോലെ കമുകുകളുടെ ചേരിപ്രദേശമായിരുന്നിരിക്കണം കമുകുംചേരി. എലിക്കാട്ടൂര്‍ എന്ന വീട്ടു പേരുള്ള ഒരു കുടുംബം കമുകുംചേരി ഭാഗത്തുണ്ട്. അതിന്റെ ഒരു ശാഖ എലിക്കാട്ടൂരും താമസമാക്കി. എലിമുള്ള് എന്ന ചെടി ഇവിടെ സമൃദ്ധിയായി വളര്‍ന്നിരുന്നു എന്നും  എലിക്കാട്ടൂര്‍ എന്ന പേര് ആ വിധത്തില്‍ വന്നതാണെന്നും പക്ഷമുണ്ട്. വന്‍മലയാണ് വന്മളയായതെന്നൊരു പക്ഷമുണ്ട്. അടുത്തുള്ള വന്‍മലയ്ക്ക് ആളുകേറാമല എന്നു പ്രത്യേകം പേരുള്ളതിനാല്‍ ഈ വാദഗതി നിലനില്‍ക്കുന്നില്ല. തൊട്ടുരുമ്മിയൊഴുകുന്ന ആറിന് ഈ ഭാഗത്ത് ഒരു വന്‍ വളവുണ്ട്- ഒന്നല്ല രണ്ട്. വന്‍ വളവുള്ള സ്ഥലം വന്‍മളയായതാകാന്‍ ന്യായമുണ്ട്. ആറ്റുതീരത്ത് വന്‍ മുളക്കൂട്ടം ഉണ്ടായിരുന്നതിനാല്‍ വന്‍മുളയായും പിന്നീട് വന്‍മളയായും പരിണമിച്ചെന്നും വരാം. പത്തനാപുരം പറക്കോട് ചന്തകളിലേക്ക് തമിഴ്നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരും വഴി അവയെ കുളിപ്പിക്കാനും കറക്കാനും സൌകര്യം ഉള്ളയിടമായതിനാല്‍ കറവ + ഊര് =കറവൂര് എന്നാവുകയും പിന്നീട് കറവൂരാവുകയും  ചെയ്തു എന്ന ഒരു വാദമുണ്ട്. ഇവിടെ ഒരു ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ വളരെക്കാലം മുമ്പു മുതലേയുണ്ട് (ആന കയറാതെ കിടങ്ങും മറ്റും കുഴിച്ചിരുന്നു). കറവ് എന്ന വാക്കിന് നികുതി തീരുവ എന്നൊക്കെയര്‍ത്ഥമുണ്ട്. മലഞ്ചരക്ക്പുല്ല് (പുല്ലു മേയുന്നതിന്) മൈക്കാമൈനില്‍ നിന്ന് മൈക്കാ എന്നിവ കടത്തികൊണ്ടുപോകുന്നതിന്  ‘കറവ ‘ കൊടുക്കേണ്ടിയിരുന്ന സ്ഥലം എന്നര്‍ത്ഥത്തില്‍ കറവൂരാകാന്‍ കൂടുതല്‍ ന്യായം കാണുന്നു. തോയം = വെള്ളം . കൂടുതല്‍ വെള്ളപ്പശപ്പുള്ള (പുതയല്‍) സ്ഥലം എന്ന അര്‍ത്ഥത്തില്‍ പെരുന്തോയില്‍ ആയി. തോയില്‍ എന്ന വാക്കിന് ഉഴുതിട്ട സ്ഥലം എന്നും അര്‍ത്ഥമുണ്ട്. ഇവിടെയുള്ള ഏലായ്ക്ക് ഒന്നര കിലോമീറ്ററോളം നീളമുണ്ട്. ഏലായിലേറെ പുതുയുന്നിടമുണ്ടായിരുന്നു. പെരിയതോയില്‍ പെരുന്തോയില്‍  ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്. ഉഴുതു കൃഷിചെയ്യുന്നിടം എന്ന അര്‍ത്ഥത്തില്‍ പെരുംതൊയ്യില്‍ ക്രമേണ പെരുന്തോയില്‍ ആകാനും മതി. മൈക്കാ  ഖനനം ചെയ്തിരുന്നതിനാല്‍ മൈക്കാമൈന്‍ എന്ന പേരുണ്ടായി എന്നത് തര്‍ക്കമറ്റ കാര്യമാണ്. മൈക്കായ്ക്ക് മലയാളത്തില്‍ കാക്കപ്പൊന്ന് എന്നു പറയും. ഈ സ്ഥലത്തിന് കാക്കപൊന്ന് എന്നു പേരുണ്ട്. മഹാദേവന്‍ മണ്ണാണ് മാതേരുമണ്ണായത്. ഇവിടെ ഒരു പഴയ ശിവക്ഷേത്രമുണ്ടായിരുന്നു.  ആറ്റില്‍ (തോട്ടില്‍) വെള്ളം കുറയുമ്പോള്‍ ഓരു കലര്‍ന്ന ചെമന്നപാട ജലോപരിതലത്തില്‍ കാണാനിടയായതിനാല്‍ ചെമ്പരുവി എന്ന പേരു വന്നു. പാട്ടക്കാരന് കൃഷിയിറക്കാന്‍ പണം തികയാതെ വന്നപ്പോള്‍  ആയിരം പണം കടം വാങ്ങി കൃഷിയിറക്കിയെന്നും ഈ കടം വീട്ടാന്‍ കഴിയാതെ വന്നതിനാല്‍ കടശ്ശേരി  എന്ന പേരുവന്നു എന്നും ഒരു ഐതിഹ്യം കേള്‍ക്കുന്നു. ഇവിടുത്തെ നിലങ്ങളില്‍ സമൃദ്ധിയായ വിളവുണ്ടായപ്പോള്‍  പൊന്നുവിളയുന്ന  സ്ഥലം എന്ന അര്‍ത്ഥത്തില്‍ പൊന്‍ നിലം എന്നു പറഞ്ഞു വന്നിരുന്നുവെന്നും  അത് രൂപാന്തരം  വന്ന് പുന്നലയായി എന്നും ആ നാട്ടുകാര്‍ പരക്കേ വിശ്വസിക്കുന്നു.  പുതുതായി വെട്ടിത്തെളിച്ചു കൃഷിയിറക്കിയ ഇടം എന്ന അര്‍ത്ഥത്തില്‍ പുന്നിലം പുന്നല ആയി.  കൃഷിവിഭവങ്ങള്‍ തലച്ചുമടായി  പുന്നലയില്‍ നിന്നും പത്തനാപുരം മാര്‍ക്കറ്റിലേക്കു കൊണ്ടുപോകും വഴിവഴിയോരത്ത് ചുമടിറക്കി വയ്ക്കാന്‍ പാകത്തില്‍  ഒരു പുന്നമരം ചരിഞ്ഞു നിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. ചാഞ്ഞ പുന്ന ചാച്ചിപ്പുന്ന ആയി എന്നു വിശ്വസിക്കപ്പെടുന്നു (കിടക്കുന്നതിന് ചാച്ചുക എന്ന വാക്ക് കൊച്ചുകുട്ടികള്‍ പറയുന്നത് ഓര്‍ക്കുക). അലിമുക്ക്: പണ്ട് ഒരു അലി റാവുത്തരുടെ ചായക്കട മാത്രമാണ് ഈ ജംഗ്ഷനില്‍  ഉണ്ടായിരുന്നത്. അതാണ് അലിമുക്ക് എന്ന പേരിനടിസ്ഥാനം. ആ നാമം അനശ്വരമായി ഇന്നും നിലനില്‍ക്കുന്നു.

ഭരണപരമായ ചരിത്രം

പത്തനാപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചേകംപിറവന്തൂര്‍എലിക്കാട്ടൂര്‍പുന്നല, കറവൂര്‍വന്മള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി  പിറവന്തൂര്‍ പഞ്ചായത്ത്  രൂപീകരിച്ചത് 1961-ല്‍  ആണ്. രൂപീകരണത്തെ തുടര്‍ന്ന് സ്പെഷ്യല്‍  ആഫീസറുടെ  ഭരണത്തിലായ പഞ്ചായത്തില്‍ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി 1963 ഡിസംബര്‍ 19 ന് അധികാരത്തില്‍ വന്നു. ചേകം, പിറവന്തൂര്‍ ,  എലിക്കാട്ടൂര്‍ ,  ചാച്ചിപ്പുന്നപുന്നല , കറവൂര്‍, വന്മള  എന്നിങ്ങനെ ഏഴു വാര്‍ഡുകളും 8 മെമ്പര്‍മാരും ആണ് ഉണ്ടായിരുന്നത്. പിറവന്തൂര്‍  വാര്‍ഡില്‍ ഒരു  പൊതു മണ്ഡലവും  ഒരു സംവരണ മണ്ഡലവും ഉണ്ടായിരുന്നതിനാലാണ് മെമ്പര്‍മാരുടെ എണ്ണം ആയത്. 1964 -ല്‍ ഒരു വനിതാ മെമ്പറെ കൂടി നോമിനേറ്റു ചെയ്തതോടെ മെമ്പര്‍മാരുടെ എണ്ണം 9 ആയി.  പത്തനാപുരം പഞ്ചായത്തിന്റെ  ഭാഗമായി നിലനിന്ന കമുകുംചേരി, കിഴക്കേ മുറി ഭാഗങ്ങള്‍ 1966- ല്‍ പിറവന്തൂര്‍ പഞ്ചായത്തിനോട്  ചേര്‍ന്ന് 8,9 വാര്‍ഡുകളുംപുന്നല വാര്‍ഡിന്റെ ഭാഗമായിരുന്ന കടശ്ശേരി, ചെമ്പനരുവികടമ്പുപാറ പ്രദേശങ്ങള്‍ ചേര്‍ത്ത് പത്താമത്തെ വാര്‍ഡായി ചെമ്പനരുവി വാര്‍ഡുംഎലിക്കാട്ടൂര്‍ വാര്‍ഡിന്റെ  ഭാഗങ്ങളായ മൂന്നാമലചെറപ്പാണ്ട്രമുക്കടവ്, 2-ാം വാര്‍ഡിലെ ചിവോടിന്റെ  ഒരു ഭാഗം ഇവ ചേര്‍ത്ത് പതിനൊന്നാമത്തെ വാര്‍ഡായി മൂക്കടവ് വാര്‍ഡും രൂപീകരിച്ചു. 1994-ല്‍ ചെമ്പരുവി  വാര്‍ഡിന്റെ ചണ്ണക്കാമണ്‍മഹാദേവര്‍ മണ്‍വെരുഴികടശ്ശേരി വാര്‍ഡിന്റെ കിഴക്കേ വെള്ളം തെറ്റി പ്രദേശവും കറവൂര്‍ വാര്‍ഡിന്റെ കുമരംകുടിപെരുന്തോയില്‍  പ്രദേശങ്ങളും ചേര്‍ത്ത് 13-മത്തെ വാര്‍ഡായി  പെരുന്തോയില്‍  വാര്‍ഡു രൂപീകരിച്ചു. 1967-ല്‍  പണിത കെട്ടിടത്തിലാണ് ഇപ്പോള്‍  പഞ്ചായത്താഫീസും പിറവന്തൂര്‍ വില്ലേജാഫീസും പ്രവര്‍ത്തിക്കുന്നത്. പുതിയ കോണ്‍ഫറന്‍സ് ഹാള്‍  1988-1995 കാലഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഭരണസമിതി പണികഴിപ്പിച്ചതാണ്.